കൊച്ചി: വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരേ മോട്ടര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗവും പോലീസും ശക്തമായ നടപടിയെടുക്കണമെന്നു ഹൈക്കോടതി. അടൂരില്‍ പ്രളയ രക്ഷാപ്രവർത്തനത്തിനു പോയ ജീപ്പില്‍ പലതരം രൂപമാറ്റം ഉണ്ടായിട്ടും 5000 രൂപ മാത്രം പിഴ ചുമത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഓരോ രൂപമാറ്റത്തിനും 5,000 രൂപ വീതം ഈടാക്കണമായിരുന്നെന്നും വ്യക്തമാക്കി.
ആറു ലൈറ്റുകളാണ് ഇപ്രകാരം സ്ഥാപിച്ചിരുന്നത്. ചട്ടപ്രകാരം അനുവദിച്ചിട്ടില്ലാത്ത ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ റൂള്‍ 334 ഉപയോഗിച്ച് ഇളവ് നല്‍കാനാകില്ലെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു.
വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരേ സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഈ വിഷയം കോടതി പരാമര്‍ശിച്ചത്. ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി സെപ്റ്റംബര്‍ ഏഴിനു പരിഗണിക്കാന്‍ മാറ്റി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസിന്റെ പക്കലുള്ള ഗൂര്‍ഖ വാഹനം ഉപയോഗിക്കാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി വ്ലോഗര്‍മാര്‍ നടത്തിയ തെറ്റായ പ്രചാരണത്തെ കോടതി വിമര്‍ശിച്ചു.
രൂപമാറ്റത്തിന് അനുമതി നേടിയെടുക്കാനുള്ള ലക്ഷ്യത്തോടെ നിയമവിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നത്. അതിതീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, റെഡ്ബ്ലൂ സ്ട്രോബ് ലൈറ്റുകള്‍, മള്‍ട്ടി കളര്‍ ലൈറ്റുകള്‍, വീല്‍ സ്പേസറുകള്‍, അനുവദനീയ പരിധിക്കപ്പുറമുള്ള വീതിയേറിയ ടയറുകള്‍ തുടങ്ങിയയ്ക്കെതിരേ കര്‍ശന നടപടി വേണം.
കാല്നടക്കാരടക്കം റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇത്തരം വാഹനങ്ങള്‍ ഭീഷണിയാണ്. കേന്ദ്ര മോട്ടോര്‍വാഹന ചട്ടങ്ങളിലും സുരക്ഷാമാനദണ്ഡങ്ങളിലും അനുവദിച്ചിട്ടുള്ള ലൈറ്റിംഗ്, ലൈറ്റ് സിഗ്നലിംഗ് ഉപകരണങ്ങള്‍, റെട്രോറിഫ്ലക്ടറുകള് എന്നിവ മാത്രമേ വാഹനങ്ങളില്‍ ഘടിപ്പിക്കാവൂവെന്നും കോടതി വ്യക്തമാക്കി.